
ഭാരത്തിലെ അടുക്കളകളിൽ ഒഴിച്ച് കൂട്ടാനാവാത്ത ഒന്നായ മഞ്ഞൾ ആയുർവേദ ചികിത്സകളിലും ഒറ്റമൂലി പ്രയോഗങ്ങളിലും മുൻപന്തിയിൽ നിൽക്കുന്നു . ഇഞ്ചിയുടെ വർഗ്ഗത്തിൽ പെട്ട മഞ്ഞളിന്റെ മറ്റൊരു ഇനമാണ് കറുത്ത മഞ്ഞൾ .സാധാരണ മഞ്ഞൾ കൃഷി ചെയ്യുന്ന അതെ രീതിയിൽ തന്നെയാണ് കറുത്ത മഞ്ഞളും കൃഷി ചെയ്യുന്നത് . ഭാരതത്തിന്റെ വടക്ക് കിഴക്കൻ ഭാഗങ്ങളിലാണ് കറുത്ത മഞ്ഞൾ കൂടുതലായി കൃഷി ചെയ്യപ്പെടുന്നത് . പുറം തോടിനു തവിട്ട് നിറമുള്ള കറുത്ത മഞ്ഞളിന്റെ ഉൾഭാഗം നീല കലർന്ന നിറത്തിലാണ് കാണപ്പെടുന്നത് . മഞ്ഞളിനെക്കാൾ കറുത്ത മഞ്ഞളിന്റെ സവിശേഷത അതിനുള്ള കർപ്പൂരത്തിന്റെ സുഗന്ധമാണ് .അപൂർവ സസ്യങ്ങളിൽ പെട്ട ഒന്നായ കറുത്ത മഞ്ഞൾ , ഭാരതത്തിൽ നൂറ്റാണ്ടുകളായി ചികിത്സക്കും മതപരമായ ആചാരങ്ങൾക്കും ഉപയോഗിച്ച് പോരുന്നു .
മറ്റുള്ള മഞ്ഞൾ ഇനങ്ങളെ അപേക്ഷിച്ചു കറുത്ത മഞ്ഞളിൽ കുർക്കുമിന്റെ അളവ് കൂടുതലാണ് . അതിനാൽ തന്നെ ഇത് നല്ലൊരു ആന്റി ഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നതു മൂലം , ചതച്ചു മുറിവുകളിൽ പുരട്ടുന്നത് അത്യുത്തമമാണ് . കറുത്ത മഞ്ഞൾ ആസ്ത്മ , സന്ധിവാതം , ചുഴലി രോഗം എന്നിവയുടെ ചികിത്സക്ക് ഉപയോഗിക്കുന്ന ഒരു ഔഷധം കൂടിയാണ് .തൊലി കളഞ്ഞ കറുത്ത മഞ്ഞൾ , ഇഞ്ചി , നാരങ്ങ , വെള്ളരി എന്നിവയുടെ കൂടെ ചേർത്ത് കഴിക്കുന്നത് ഉത്തമമാണ് . കറുത്ത മഞ്ഞൾ മുഴുവനായി ഉപയോഗിക്കുന്നതാണ് എപ്പോഴും ഫലപ്രദം . ഉണക്കിയ കറുത്ത മഞ്ഞൾ ആറു മാസം വരെ കേടാകാതെ സൂക്ഷിക്കാൻ സാധിക്കും .ഭാരതത്തിൽ നൂറ്റാണ്ടുകളായി കാളി ദേവിയുടെ പൂജകൾക്കായി കറുത്ത മഞ്ഞൾ ഉപയോഗിച്ച് പോരുന്നു . വടക്കു കിഴക്കൻ ഭാരതത്തിലെ ഗോത്രവർഗ്ഗക്കാർ ദുരാത്മാക്കളെ അകറ്റി നിർത്താനായി ഒരു കഷ്ണം കറുത്ത മഞ്ഞൾ ബാഗിലോ വസ്ത്രത്തിന്റെ അറയിലോ ഇട്ടു നടക്കുക പതിവാണ് .ഭാരതത്തിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കറുത്ത മഞ്ഞൾ പച്ചയായോ , ഉണക്കിയോ , പൊടി രൂപത്തിലോ വിപണിയിൽ ലഭ്യമാണ് . 2016 ലെ കണക്കനുസരിച്ചു വംശനാശം നേരിടുന്ന വർഗ്ഗമായി കറുത്ത മഞ്ഞളിനെ കൃഷിവകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട് . ഇതിന്റെ ഭാഗമായി ഒഡിഷയിൽ കറുത്ത മഞ്ഞൾ കൃഷി ചെയ്യാനും സംരക്ഷിക്കാനുമുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ട് .