
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടുവരുന്ന ഒരു വൃക്ഷമാണ് ഇലഞ്ഞി (Mimosops Elengi ഉഷ്ണമേഖലയിൽ കാണപ്പെടുന്ന ഇലഞ്ഞി 20 മീറ്ററിലധികം ഉയരത്തിൽ പടർന്ന ശിഖരങ്ങളോടുകൂടിയ വൃക്ഷമാണ്. അനിഴം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു് ഇലഞ്ഞി. ഇതിന്റെ പഴം ഭക്ഷ്യയോഗ്യമാണ്. വിത്ത് പാകിയും, കമ്പ് കുത്തി പിടിപ്പിച്ചും, വായുവിൽ പതി വെച്ചും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു.ആയുർവ്വേദത്തിൽ ഇലഞ്ഞിയുടെ തൊലിയിൽ നിന്ന് നിർമ്മിക്കുന്ന കഷായം മുഖരോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നു. ഇലയും തോലും ചെറിയ കൊമ്പുകളും ദന്തശുചീകരണത്തിന് ഉപയോഗിച്ചിരുന്നു. ദന്തരോഗത്തിനും വായ്നാറ്റത്തിനും ഇലഞ്ഞി നല്ല ഔഷധമാണ് ഇലഞ്ഞി കായ്കളിൽ നിന്ന് ശാസ്ത്രീയമായി വേർതിരിച്ചെടുത്ത 2,3-dihyro-3,3’4’5,7-pentahydroxy flavone C15H10O7 ഉം 3,3’,4’,5,7-pentahydroxy flavone C15H12O7 എന്ന ഫ്ലേവോൺ തന്മാത്രകൾക്ക് ബാക്റ്റീരിയകളെയും വൈറസ്സുകളെയും ചെറുക്കുവാനുള്ള കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിത്തിൽ നിന്നും കിട്ടുന്ന എണ്ണ പണ്ട് ആഹാരം പാകം ചെയ്യാൻ ഉപയോഗിച്ചിരുന്നു.