കൊവിഡ് ഭേദമായവരിൽ ബ്ലാക്ക് ഫംഗസും വൈറ്റ് ഫംഗസും കണ്ടെത്തിയതിനു പിന്നാലെ കൂടുതൽ ഭീതി പരത്തി യെല്ലോ ഫംഗസ്, കാരണം ഇമ്മ്യൂണിറ്റി കുറവോ?

കൊവിഡ് ഭേദമായവരിൽ ബ്ലാക്ക്, വൈറ്റ് ഫംഗസുകൾ ബാധിക്കുന്നത് ജനങ്ങളിൽ തികഞ്ഞ അരക്ഷിതാവസ്‌ഥ സൃഷ്ടിച്ച സാഹചര്യത്തിലാണ് എല്ലാവരും. അതിനിടെ കൂടുതൽ അപകടഭീതി പരത്തി യെല്ലോ ഫംഗസും റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലാണ് രാജ്യത്താദ്യമായി യെല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചത്. സാധാരണ ഉരഗ വർഗ്ഗങ്ങളിലാണ് ഈ രോഗം കണ്ടുവരാറുള്ളത്.ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവ ഏകദേശം 8000 ൽ അധികം പേരെ ബാധിക്കുകയും മരണ സംഖ്യ കൂടുന്ന സാഹചര്യവും രൂക്ഷമാകുമ്പോൾ പുതുതായി തിരിച്ചറിഞ്ഞ യെല്ലോ ഫംഗസ് കൂടുതൽ ആശങ്കയുണ്ടാക്കുകയാണ്.
എന്താണ് യെല്ലോ ഫംഗസ്?
പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് ബാധ പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്ന ഈ അവസരത്തിൽ യെല്ലോ ഫംഗസ് ബാധയും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. മറ്റ് ഫംഗസ് ബാധകളെപ്പോലെ മലിനമായ ചുറ്റുപാടിൽ നിന്നോ, അല്ലെങ്കിൽ രോഗം സംശയിക്കുന്ന വ്യക്തി, ചുറ്റുപാടുമുള്ള പൂപ്പൽ (micometer or moulds) ശ്വസിക്കുന്നതു മൂലമോ യെല്ലോ ഫംഗസ് ബാധിക്കാം.ബ്ലാക്ക് ഫംഗസിൽ നിന്നും വൈറ്റ് ഫംഗസിൽ നിന്നും യെല്ലോ ഫംഗസിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ വ്യാപനരീതിയാണ്. മുഖത്തെ നിറം മാറ്റം ബ്ലാക്ക് ഫംഗസിന്റെ സൂചനയാകുമ്പോൾ യെല്ലോ ഫംഗസ് ബാധിക്കുന്നത് ആന്തരികാവയവങ്ങളെയാണ്. ഇത് ശരീരത്തിന്റെ പ്രവർത്തനത്തെ മൊത്തം ബാധിക്കും.യെല്ലോ ഫംഗസ് കൂടുതൽ ഗുരുതരവും അപകടകരവും ആയതിനാൽ, ആദ്യദിനം മുതൽതന്നെ ഈ ഇൻഫെക്‌ഷൻ തിരിച്ചറിഞ്ഞ് സഹായം തേടണമെന്ന് വിദഗ്‌ധർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.
വ്യാപിക്കുന്നതെങ്ങനെ?
ഇത് പകരുന്നതോ ?ഒരു വ്യക്തി തന്റെ ചുറ്റുപാടിലുള്ള പൂപ്പൽ (moulds) ശ്വസിക്കുമ്പോഴാണ് ഫംഗൽ അണുബാധ വ്യാപിക്കുന്നത്. ഈർപ്പം, ഭക്ഷണം എന്നിവയിലൂടെയും യെല്ലോ ഫംഗസ് ബാധിക്കാം. വൃത്തിയില്ലായ്‌മയും പരിസരശുചിത്വമില്ലായ്മയും ആണ് ഫംഗസ് ബാധയ്ക്ക് പ്രധാന കാരണം.രോഗപ്രതിരോധശക്തി കുറഞ്ഞവരെയാണ് ഫംഗൽ അണുബാധകൾ പ്രധാനമായും ബാധിക്കുക. യെല്ലോ ഫംഗസ് ഉൾപ്പെടെയുള്ളവ പകരുന്നതല്ല. കോവിഡ് 19 ഉൾപ്പെടയുള്ള ശ്വസന അണുബാധകളെപ്പോലെ വ്യക്തിയിൽ നിന്നു വ്യക്തിയിലേക്ക് പകരുന്ന ഒന്നല്ല യെല്ലോ ഫംഗസ് ബാധ.
ആർക്കാണ് റിസ്‌ക് കൂടുതൽ
രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകൾക്കാണ് ഫംഗസ് ബാധയ്ക്കു സാധ്യത കൂടുതൽ. കൂടാതെ അനിയന്ത്രിതമായ പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ ഇവയുള്ളവർക്കും അപകടസാധ്യത ഏറെയാണ്. ദീർഘകാലം ഓക്‌സിജൻ സപ്പോർട്ട് വേണ്ടി വന്നവരിലും സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവരിലും ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലാണ്.ഇന്റൻസീവ് കെയർ യൂണിറ്റിൽ കൂടുതൽ കാലം കിടന്ന ആളുകൾ, ഈയടുത്ത് അവയവമാറ്റം നടത്തിയവരിൽ തന്നെ ശ്വേതരക്താണുക്കളുടെ കൗണ്ട് കുറവുള്ളവർ, രോഗപ്രതിരോധ സങ്കീർണതകൾ ഉള്ളവർ, ആന്റിബാക്ടീരിയൽ സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവർ, കിഡ്‌നി തകരാർ ഉള്ളവരോ ഡയാലിസിസ് ചെയ്യുന്നവരോ ഇങ്ങനെയുള്ളവരിൽ ഫംഗൽ അണുബാധ വരാൻ സാധ്യത കൂടുതലാണെന്ന് സെന്റർ ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) റിപ്പോർട്ട് ചെയ്യുന്നു.
ലക്ഷണങ്ങൾ
- അസാധാരണമായ അലസത
- ക്ഷീണം
- ശരീരത്തിന് പൊതുവെ വലിയ മന്ദത അനുഭവപ്പെടുക തുടങ്ങിയ അവസ്ഥ
- ദഹന പ്രശ്നങ്ങൾ
- വിശപ്പ് കുറവ്
- പെട്ടെന്നുള്ള ഭാരക്കുറവ്
- കണ്ണുകളിലെ ചുവന്ന നിറം
- കാഴ്ച മങ്ങൽ
- മുറിവുകൾ ഉണങ്ങാൻ കാലതാമസമെടുക്കുക
- ചെറിയ പോറലുകൾ പോലും പഴുക്കുന്ന അവസ്ഥ
ചികിത്സ എങ്ങനെ?
നേരത്തെ കണ്ടെത്തിയ ബ്ലാക്ക്, വൈറ്റ് ഫംഗസുകൾ പോലെ തന്നെ യെല്ലോ ഫംഗസും പുതിയതല്ല. എന്നാൽ, അപൂർവമായി മാത്രം കണ്ടുവരുന്നതാണ്. നിലവിളുള്ള ആന്റി ഫംഗൽ മരുന്നായ ആംഫോട്ടെറിസിൻ ബി കുത്തിവയ്പ്പാണ് ഇതിനായി നൽകേണ്ടത്. എന്നാൽ വൈകി മാത്രം രോഗം തിരിച്ചറിയുന്നത് ചികിത്സയുടെ ഫലത്തെ ബാധിക്കും.