പ്രമേഹത്തിൽനിന്നും മുക്തി എന്നത് ഇനി സ്വപ്നം അല്ല, പരബ്രഹ്മ അത് യാഥാർത്യം ആക്കുന്നു

പ്രാചീനകാലം തൊട്ട് മനുഷ്യസമൂഹത്തിൽ കണ്ടുവരുന്ന ഒരു രോഗമാണ് പ്രമേഹം. ആയുർവേദ ഗ്രന്ഥങ്ങളിൽ മധുമേഹം എന്നാണ് ഈ അവസ്ഥയെ വിളിച്ചിരുന്നത്. രോഗിയുടെ മൂത്രത്തിൽ തേൻ പോലെയുള്ള ഏതോ പദാർത്ഥം ഉണ്ട് എന്ന ധാരണയുടെ വെളിച്ചത്തിലാണ് രോഗത്തിന് മധുമേഹം എന്ന പേര് നൽകിയത്. താരതമ്യേന പ്രായപൂർത്തിയായവരിൽ കൂടുതലായി കണ്ടുവരുന്ന ഈ രോഗം സ്‌ത്രീയെയും പുരുഷനെയും ഏതാണ്ട് ഒരുപോലെ ബാധിക്കും. ശക്തമായ പാരമ്പര്യ സ്വഭാവം ഈ രോഗത്തിന്റെ പ്രത്യേകതയാണ്. 20 വയസു കഴിഞ്ഞവരിൽ മൂന്നു മുതൽ 5% വരെ ആളുകൾക്ക് പ്രമേഹരോഗബാധയുണ്ടാകാം എന്ന് കണക്കാക്കിയിരിക്കുന്നു. അതായത് കേരളത്തിൽ 6 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയ്‌ക്ക് പ്രമേഹരോഗികളുണ്ടെന്ന് അർത്ഥം.
എന്താണ് പ്രമേഹം
രക്തത്തിലെ ഗ്ലൂക്കോസിൻെറ അളവ് ക്രമാതീതമായി വർദ്ധിക്കുകയാണ് പ്രമേഹരോഗത്തിന്റെ ആദ്യത്തേതും പ്രധാനവുമായ ലക്ഷണം. ഗ്‌ളൂക്കോസിന്റെ അളവ് ഒരു പരിധിയിലധികമാകുമ്പോൾ അത് മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്നു. മൂത്രത്തിൽ പഞ്ചസാര ഉണ്ടോ എന്ന് നോക്കി പ്രമേഹരോഗം കണ്ടുപിടിക്കുന്നതിന്റെ കാരണം ഇതാണ്. രോഗം മൂർഛിക്കുമ്പോൾ അതിയായ ദാഹം, അധികമായ വിശപ്പ്, അകാരണമായ ക്ഷീണം, പെട്ടെന്ന് ശരീരഭാരം കുറയുക, തുടരെത്തുടരെ മൂത്രം ഒഴിക്കാൻ തോന്നുക എന്നീ ലക്ഷണങ്ങളും സാധാരണയാണ്.പലപ്പോഴും പ്രമേഹരോഗം കണ്ടുപിടിക്കുന്നത് തികച്ചും യാദൃശ്ചികമായിട്ടാണ്. മറ്റേതെങ്കിലും അസുഖവുമായി ചെല്ലുമ്പോൾ ഡോക്‌ടർ രക്തത്തിലെ ഗ്ലൂക്കോസ് നിർണ്ണയം ആവശ്യപ്പെടുമ്പോഴാണ് രോഗം കണ്ടുപിടിക്കുക. കൈയ്യിലോ, കാലിലോ ഉണ്ടാകുന്ന നിസ്സാര വ്രണങ്ങൾ പോലും കരിയാൻ താമസിക്കുക, പെട്ടെന്ന് കാഴ്‌ചശക്തി കുറയുക, ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക, അകാരണമായി ക്ഷീണം തോന്നുക എന്നിവയും പ്രമേഹരോഗം സംശയിക്കാൻ ഇടനൽകുന്നു.
പ്രമേഹരോഗം എത്രതരം
ഫലപ്രദമായ രോഗനിയന്ത്രണത്തിന് ഇൻസുലിൻ തുടർച്ചയായി ആവശ്യമായ പ്രമേഹം. ഇൻസുലിന്റെ സഹായമില്ലാതെ തന്നെ ചികിത്സിച്ച് നിയന്ത്രണവിധേയമാക്കാൻ സാധ്യമായ പ്രമേഹം. ഇവയിൽ ഒന്നാമത്തെ ഗണത്തിൽ പെടുന്ന പ്രമേഹം താരതമ്യേന ചെറുപ്പക്കാരിലാണ് കണ്ടുവരുന്നത്. ശരീരം വല്ലാതെ മെലിയുക ഒരു പ്രധാന ലക്ഷണമാണ്. രോഗനിർണ്ണയം ചെയ്‌താൽ ജീവിതകാലം മുഴുവൻ ഇൻസുലിൻ ചികിത്സ ആവശ്യമായി വരുന്നു. രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന പ്രമേഹം താരതമ്യേന 40 വയസ്സ് കഴിഞ്ഞവരിലാണ് കൂടുതലായി പ്രത്യക്ഷപ്പെടുക. തടിച്ച ശരീരപ്രകൃതിയുള്ളവർക്ക് ഇത്തരം പ്രമേഹം പിടിപെടാനുള്ള സാദ്ധ്യത ഏറെയാണ്. പക്ഷേ നമ്മുടെ നാട്ടിൽ കുറച്ചുകൂടി പ്രായം കുറഞ്ഞവരിലും മെല്ലിച്ച ശരീരപ്രകൃതിയുള്ളവരിലും ഈ പ്രമേഹം കണ്ടുവരാറുണ്ട്. മുകളിൽ വിവരിച്ച രണ്ട് വിഭാഗത്തിനും പുറമേ മുതിർന്ന കുട്ടികളിലും ചെറുപ്പക്കാരിലും അപൂർവ്വമായി പ്രത്യക്ഷപ്പെട്ടിരുന്ന ഒരുതരം പ്രമേഹം അറുപതുകളിലും എഴുപതുകളിലും കേരളത്തിലുണ്ടായിരുന്നു. കാലം ചെന്നപ്പോൾ അതിന്റെ പ്രാചുര്യം തീരെ കുറഞ്ഞു.
രോഗനിർണ്ണയം ചെയ്യുന്നതെങ്ങനെ
മുൻപ് വിവരിച്ച ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ പ്രമേഹരോഗം സംശയിക്കാം. മൂത്രത്തിൽ പഞ്ചസാരയുണ്ടോ എന്ന ലളിതമായ പരിശോധനയിലൂടെ പലപ്പോഴും രോഗനിർണ്ണയം ചെയ്യാനാകും. പക്ഷേ രോഗത്തിന്റെ കാഠിന്യം അറിയണമെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായും തിട്ടപ്പെടുത്തേണ്ടതുണ്ട്. സംശയാതീതമായ രോഗനിർണ്ണയത്തിന് സ്വീകരിക്കുന്ന രീതി മറ്റൊന്നാണ്. കാലത്ത് വെറും വയറ്റിൽ സിരാരക്തമെടുത്ത് ഗ്ലൂക്കോസിന്റെ അളവ് നിർണ്ണയിക്കുന്നു. രക്തം എടുത്ത ഉടനെ 75 ഗ്രാം ഗ്ലൂക്കോസ് ഒരു പാനീയമായി നൽകി കൃത്യം രണ്ട് മണിക്കൂറിനുശേഷം സിരാരക്തമെടുത്ത് ഗ്ലൂക്കോസിന്റെ അളവ് വീണ്ടും നിർണ്ണയിക്കുന്നു. ഇത് സാധിച്ചില്ലെങ്കിൽ നല്ലതുപോലെ ആഹാരം കഴിച്ച് 2 മണിക്കൂറിനുശേഷം രക്തതത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണ്ണയിക്കുന്ന മറ്റൊരു രീതിയും ഉണ്ട്.